പൂക്കളിൽ തേനുണ്ട് തത്തിക്കളിക്കുന്ന ശലഭങ്ങൾ…അരികിലെവിടെയോ കുയിലിന്റെ പാട്ട്….ചെടികൾ തോറും ചാടി മറിയുന്ന അണ്ണാറക്കണ്ണന്മാർ….ഗ്രാമഭംഗിയുടെ കാഴ്ചകളിലേക്കു കണ്ണുതുറക്കാൻ ആരാണ് കൊതിക്കാത്തത്. പക്ഷേ നഗര നടുവിലെ ഇട്ടാവട്ടം വീടുകളിൽ എങ്ങനെ ഇതു സാധ്യമാകും. എന്നാൽ പച്ചപ്രകൃതിയുടെ ഒരു തുണ്ടെങ്കിലും ഇല്ലാതെ എന്തു വീട് എന്നു ചിന്തിക്കുന്നവർക്കു മുന്നിൽ സന്തോഷത്തോടെ ഉത്തരം നൽകുകയാണ് കൊല്ലം പോളയത്തോട് ‘നോ’ ആർക്കിടെക്ടിലെ ഹരികൃഷ്ണനും നീനു എലിസബത്തും.

നോ എന്ന വാക്കിന് യെസ് എന്ന അർഥമുണ്ടെന്ന് ഇവിടെ എത്തുന്നവർ തിരിച്ചറിയുന്നു. വരുന്നവരുടെ ആവശ്യങ്ങളോടെല്ലാം യെസ് എന്നു സന്തോഷത്തോടെ പറയുന്ന ഇരുവരും ഭവനനിർമാണത്തിൽ പച്ചപ്പിന്റെ ഐശ്വര്യങ്ങൾ നിറയ്ക്കാനും ശ്രദ്ധകാട്ടുന്നു. അതും വലിയ ചെലവില്ലാതെ ചെറിയ ചില മാറ്റിമറിക്കലിലൂടെ.

നെതർലെൻഡ്സിലെ വിദ്യാഭ്യാസത്തിൽ നിന്നു നേടിയ അറിവുകൾ പങ്കുവച്ച് ഹരികൃഷ്ണനും ലാൻഡ്സ്കേപ്പിങിൽ ചെന്നൈയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടിയ നീനുവും ചേരുമ്പോൾ ഭവനനിർമാണ് മേഖലയിൽ അതു പുതിയ മാറ്റത്തിന്റെ മുഖമാകുന്നു. ചെറിയ ചില വ്യത്യാസപ്പെടുത്തലുകളിലൂടെ വീടിന്റെ മുഖഛായ തന്നെ മിനുക്കിയെടുക്കാൻ ഇരുവർക്കും കഴിയുന്നു.

തങ്ങളുടെ ഓഫിസിന്റെ മുഖഛായ മാറ്റിമറിച്ചതു തന്നെ ആദ്യ ഉദാഹരണമായി എടുത്തുകാട്ടുകയാണ് ഇവർ. ഉപേക്ഷിക്കപ്പെട്ട് , പൊളി‍ഞ്ഞുവീഴാറായ ഒരു കെട്ടിടത്തിൽ ചെറിയ ചില മാറ്റങ്ങൾ..ആരും കൊതിക്കുന്ന ഒരിടമാക്കി മാറ്റാൻ, പച്ചപ്പിന്റെ ഭംഗി എങ്ങും നിറയ്ക്കാൻ ഇവർക്ക് കഴിഞ്ഞു. മുൻപ് ഇവിടം കണ്ടിട്ടുള്ളവർക്ക് അത്ഭുതത്തിന്റെ ഇരിടമാവുകയാണ് ‘നോ ആർക്കിടെക്സ്’ എന്ന സ്ഥാപനം.

ഇവർ ചെയ്ത ചില വീടുകളിലും ഈ സൗന്ദര്യവൽക്കരണം നടപ്പാക്കിയതോടെ അവയും ശ്രദ്ധിക്കപ്പെട്ടു. മനോരമ ദുബായിൽ നടത്തിയ സമ്മിറ്റിൽ കൊല്ലം നഗരത്തിന്റെ സൗന്ദര്യവൽക്കരണം സംബന്ധിച്ച് ഇവർ ചെയ്ത മാതൃകകൾ  ചർച്ചയായിരുന്നു, പ്രത്യേകിച്ച് കൊല്ലം തോടിന്റെ ഇരുകരകളും മോടിയാക്കുന്നതിന് ഇവർ നിർദ്ദേശിച്ച കാര്യങ്ങൾ.

ട്രോപ്പിക്കൽ ലാൻഡ്സ്കേപ്പിങിലാണ് ശ്രദ്ധിക്കേണ്ടതെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു. അതായത് നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച ചെടികളും മരങ്ങളുമെല്ലാം നട്ടുപിടിപ്പിക്കണം. ഭൂമിയുടെ കിടപ്പനുസരിച്ച് നമ്മുടെ നാടിന്റെ പൈതൃകം വിളിച്ചറിയിക്കുന്ന ചെടികളാണ് വേണ്ടത്. പരിപാലനത്തിന് അധികം പണം ചെലവഴിക്കേണ്ട എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. കുറച്ചു വെള്ളം മാത്രം മതിയാവും എന്നതാണ് മറ്റൊരു നേട്ടം.

ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാവണം ഇവിടം. മനുഷ്യർ മാത്രമല്ല കിളികളും പ്രാണികളും എല്ലാം ഉൾപ്പെടുന്ന ആവാസ വ്യവസ്ഥ. നമുക്കു വേണ്ട ഇടങ്ങളിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഇവയെല്ലാം സാധ്യമാക്കാമെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു.  ‘കൈപൊള്ളിക്കാതെ’ തന്നെ ഇവയെല്ലാം ചെയ്യാം. അതുകൊണ്ടു തന്നെയാണ് ഇവരെത്തേടി സംസ്ഥാനത്തിനകത്തും പുറത്തു നിന്നും അവാർഡുകളും പ്രശംസകളും എത്തുന്നതും..